ആമുഖം

മനുഷ്യന്‍ ചിന്താശീലനും വിശേഷബുദ്ധിയുള്ളവനുമാണ്‌. ഇതര സൃഷ്ടിജാലങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകവും അതാണ്‌. നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തിന്‍റെയും മനുഷ്യനുള്‍പ്പെടെ അതിലെ അനേകം കോടി ജീവജാലങ്ങളുടെയും സൃഷ്ടിപ്പിലും സംവിധാനത്തിലും സര്‍വ്വശക്തനായ ഒരു സൃഷ്ടാവിന്‍റെ, ദൈവത്തിന്‍റെ സാന്നിദ്ധ്യം ഉണ്ടെന്നത്‌ സര്‍വ്വസമ്മതമായ കാര്യമാണ്‌. പ്രപഞ്ചവും അതിന്‍റെ ഘടനയും അതിലെ ഓരോ വസ്തുക്കളും ദൈവത്തിന്‍റെ സൃഷ്ടി മാഹാത്മ്യത്തിന്‍റെ ഉത്തമനിദര്‍ശനമാണ്‌. മനുഷ്യന്‍റെ സൃഷ്ടിപ്പിലും മഹത്തായ പാഠമുണ്ട്‌. സൂര്യനും ചന്ദ്രനും പരശ്ശതം നക്ഷത്രങ്ങളും കാറ്റും മഴയും ഇടിയും മിന്നലും പക്ഷികളും മൃഗങ്ങളും ജലജീവികളും ഇഴജന്തുക്കളും സസ്യങ്ങളും പ്രാണികളുമൊക്കെ പ്രപഞ്ചനാഥനായ ദൈവം നിശ്ചയിച്ച പ്രകൃതിനിയമമാണ്‌ അനുധാവനം ചെയ്യുന്നത്‌. മനുഷ്യനും ഈ പൊതുനിയമത്തില്‍ നിന്നും മുക്തനല്ല. പക്ഷേ, മനുഷ്യന്‌ വിശേഷബുദ്ധിയും വിവേകവും തന്‍റെ പാത തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഇതര സൃഷ്ടികളെ പോലെ നിര്‍ബന്ധിതമായി അനുസരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിനിയമത്തോട്‌ താദാത്മ്യമുള്ള ദൈവിക നിയമം തന്നെയായിരിക്കണം തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയിലും പിന്‍പറ്റേണ്ടത്‌. അത്തരമൊരു ദൈവികനിയമം മാനവരാശിയെ പഠിപ്പിക്കുവാന്‍ നിയുക്തമായിട്ടുള്ളവരാണ്‌ പ്രവാചകശ്രേഷ്ഠന്‍മാര്‍. പ്രവാചകന്‍മാരാല്‍ പ്രഘോഷണം ചെയ്യപ്പെട്ടിട്ടുള്ള ദൈവദത്തമായ ഈ ജീവിത വീഥി/സരണി അംഗീകരിക്കുമ്പോള്‍ മാത്രമേ മനുഷ്യജീവിതം പൂര്‍ണ്ണമായും ദൈവഹിതത്തിനനുസൃതമാവുകയുള്ളൂ. മനുഷ്യകുലത്തിന്നാകമാനം ഇഹത്തില്‍ സമാധാനവും പരലോകത്ത്‌ മോക്ഷവും പ്രദാനം ചെയ്യുന്ന വഴിയാണത്‌.

താനെവിടെനിന്നു വന്നു? താനെങ്ങോട്ടു പോകുന്നു? തന്‍റെ ജീവിതം എങ്ങനെ ക്രമപ്പെടുത്തണം? തന്‍റെ ജീവിതലക്‍ഷ്യമെന്ത്‌? എന്നിത്യാദി നിരവധി ചോദ്യങ്ങള്‍ക്ക്‌ ശരിയായ ഉത്തരം ലഭിക്കുന്നത്‌ പ്രവാചകന്‍മാര്‍ പഠിപ്പിച്ചിട്ടുള്ള ദൈവദത്തമായ സന്ദേശത്തില്‍ നിന്നും മാത്രമാണ്‌. ദൈവം ഏകനായതിനാല്‍ അവനില്‍ നിന്നും ലഭ്യമായ മതദര്‍ശനവും മൗലികതയില്‍ ഏകമാണ്‌. ഈ ഏകമതസത്യം മാനവരാശി മുറുകെ പിടിക്കുമ്പോഴെല്ലാം ഭൂമിയില്‍ നന്‍മയും സത്യവും നീതിയും ധര്‍മവും മഹിതമായ മൂല്യങ്ങളും സമാധാനവും നിലനില്‍ക്കുന്നു. അത്‌ അവഗണിക്കുകയും ത്യജിക്കുകയും ചെയ്യുമ്പോഴെല്ലാം മനുഷ്യന്‍ അധ:പതിക്കുന്നു. ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണിത്‌. അതിനാല്‍ മാനവതയെ പുരോഗതിയിലേക്ക്‌ നയിക്കാനും നന്‍മയും ധര്‍മവും സത്യവും ഇതര മൂല്യങ്ങളും ഇവിടെ നിലനിര്‍ത്താനും നാം മനുഷ്യര്‍ ബാധ്യസ്ഥരാണ്‌. അഖില മനുഷ്യരുടെയും ഇഹപരവിജയം ഉറപ്പുവരുത്തും വിധം ദൈവനിര്‍ണ്ണിതമായ നന്‍മയും ധര്‍മവും സത്യവും നട്ടുവളര്‍ത്തുകയും അതിനുവിരുദ്ധമായ തിന്‍മയും അധര്‍മവും മിഥ്യകളും ഉഛാടനം ചെയ്യുകയുമാണ്‌ ഏതൊരുമനുഷ്യന്‍റെയും വിശിഷ്യാ മതവിശ്വാസിയുടെയും ഉത്തരവാദിത്തം. മതസമൂഹങ്ങളും മതാനുയായികളും നിലകൊള്ളുന്നത്‌ ഈ മഹത്തായ ലക്‍ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ്‌. ഇത്തരമൊരു ദൗത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ 3 പതിറ്റാണ്ടുകളായി ഖത്തറില്‍ മലയാളി പ്രവാസി സമൂഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

രൂപീകരണം

1977 ല്‍ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ ഔപചാരികമായി രൂപീകൃതമായി. ഖത്തറില്‍ സ്ഥാപിതമായ മലയാളി പ്രവാസികളുടെ പ്രഥമ സംഘടനയാണ്‌ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍. 1960 - 70 കാലഘട്ടത്തില്‍ ഖത്തറില്‍ മലയാളികളായ പ്രവാസികളുടെ സാന്നിധ്യം ചെറിയ തോതിലായിരുന്നുവെങ്കിലും പ്രകടമായിരുന്നു. അവരില്‍ ചിലര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്‍റെ അനുഭാവികളും സഹയാത്രികരുമായിരുന്നു. 70 കളുടെ തുടക്കത്തില്‍ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തകരില്‍ ഏതാനും പേര്‍ ഉപരിപഠനാര്‍ത്ഥം ഇവിടെ വരികയുണ്ടായി. പഠനം പൂര്‍ത്തിയാക്കിയ അവരില്‍ ഭൂരിഭാഗവും ഖത്തറില്‍ വിവിധ ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. ഇതേ കാലയളവില്‍ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്‍റെ നേതൃനിരയിലുള്ള പണ്ഡിതന്‍മാരായ കെ.സി. അബ്ദുല്ല മൗലവി, എന്‍. എം. ശരീഫ്‌ മൗലവി, അബുല്‍ ജലാല്‍ മൗലവി തുടങ്ങിയവര്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. പ്രവാസികളില്‍ പ്രസ്ഥാനത്തിന്‍റെ അഭ്യുദയകാംക്ഷികളായ ഏതാനും മാന്യവ്യക്തികളായിരുന്നു ഇവരുടെ സന്ദര്‍ശനങ്ങള്‍ക്ക്‌ സൗകര്യമൊരുക്കിയത്‌. അവരുടെ കൂടി സഹകരണത്തോടെ ദോഹയില്‍ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ നടന്നുവന്നിരുന്നു. അതിനു വ്യവസ്ഥാപിത സംവിധാനം ഉണ്ടായത്‌ ഉപരിപഠനാനന്തരം ജോലിയില്‍ പ്രവേശിച്ച യുവപണ്ഡിതരുടെ സാന്നിധ്യത്തോടു കൂടിയാണ്‌. ഇത്തരമൊരു കൂട്ടായ്മയില്‍ നിന്നുമാണ്‌ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ ജന്‍മം കൊള്ളുന്നത്‌.

ആദര്‍ശം

ഈ ബ്രഹ്മാണ്ഡത്തിന്‍റെ കര്‍ത്താവ്‌ ഏകദൈവമാണ്‌. ഈ പ്രപഞ്ചം ഏകമായതു പോലെ അതിന്‍റെ സ്രഷ്ടാവും ഏകനാണ്‌. ഏകനായ ദൈവത്തിലേക്കെത്താനുള്ള മാര്‍ഗവും ഏകമാണ്‌. മനുഷ്യന്‍ സാക്ഷാല്‍ ഏകദൈവത്തെ വണങ്ങി അവനുമാത്രം കീഴൊതുങ്ങി ജീവിക്കുക. യുഗാന്തരങ്ങളിലൂടെ കടന്നുവന്ന സകലപ്രവാചകന്‍മാരും പഠിപ്പിച്ച തത്വമാണിത്‌. ദൈവം നിയോഗിച്ച പ്രവാചകന്‍മാര്‍ കാണിച്ചുതന്ന രാജവീഥിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഏകദൈവത്തിന്‍റെ സവിധത്തില്‍ എത്താന്‍ കഴിയൂ. നൂഹ്‌ (നോഹ), മൂസാ (മോശസ്‌), ഈസാ (യേശു), ഇബ്‌റാഹീം (അബ്രഹാം), അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (ദൈവത്തിന്‍റെ കരുണാകടാക്ഷങ്ങള്‍ അവരിലെല്ലാം വര്‍ഷിക്കുമാറാകട്ടെ) തുടങ്ങി ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍മാരാണ്‌ ദൈവിക സന്‍മാര്‍ഗം മാനവരാശിക്കാകമാനം എത്തിച്ചുകൊടുത്തത്‌. അഖില മനുഷ്യരുടെയും സന്‍മാര്‍ഗദര്‍ശികളായ പ്രവാചകന്‍മാര്‍ പഠിപ്പിച്ച ഏകദൈവ വിശ്വാസവും പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായ മുഹമ്മദ്‌ നബിയുടെ പ്രവാചകത്വത്തിലുള്ള വിശ്വാസവുമാണ്‌ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ ആദര്‍ശമായി അംഗീകരിച്ചിട്ടുള്ളത്‌.

ലക്ഷ്യം

ഖത്തറില്‍ വന്ന് താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ വിശേഷിച്ച് മലയാളികളുടെ ക്ഷേമത്തിനും ഭൗതികവും ആത്മീയവുമായ ഐശ്വര്യത്തിനും വേണ്ടി പ്രവര്ത്തിക്കുക.

വിശുദ്ധ ഖുര്ആനും നബിചര്യയും മുന്നോട്ടുവെക്കുന്ന ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില് ജീവിതം നയിക്കുകയും അതിനായി പ്രവാസി സമൂഹത്തെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.

വര്ഗീയത, സാമുദായിക ധ്രൂവീകരണം, തീവ്രവാദം, ഭീകരത തുടങ്ങിയ നിഷേധാത്മക വിധ്വംസക ചിന്താഗതികള് സമൂഹത്തില് വളരാതിരിക്കാന് ആവശ്യമായ ബോധവത്കരണം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും അത്തരം ശക്തികളെ ഒറ്റപ്പെടുത്താന് സമാനചിന്താഗതിക്കാരുമായി ചേര്ന്ന് പ്രവര്ത്തിക്കുകയും ചെയ്യുക.

സമൂഹത്തില് നിലനില്ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശാസ്ത്രീയവും സംഘര്ഷരഹിതവുമായ മാര്ഗങ്ങളിലൂടെ നിര്മാര്ജനം ചെയ്യാന് യത്നിക്കുക.

മൂല്യാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിക്ക് വേണ്ടി ശ്രമിക്കുകയും വ്യക്തികളെ പരിശീലനങ്ങളിലൂടെ സംസ്കരിച്ച് സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും പ്രയോജനപ്പെടുന്ന ഉത്തമ പൗരന്മാരും മാതൃകായോഗ്യരുമായി വളര്ത്തിയെടുക്കുക.

ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും പൊതുസമൂഹത്തില് നിലനില്ക്കുന്ന തെറ്റിദ്ധാരണകള് നീക്കുകയും ശരിയായ ഇസ്ലാം അവര്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക.

പ്രവാസിസമൂഹത്തിലെയും ഇന്ത്യയിലെയും വിശേഷിച്ച് കേരളത്തിലെയും അശരണരുടെയും അഗതികളുടെയും ക്ഷേമത്തിന് സാധ്യമാവുന്ന എല്ലാ സങ്കേതങ്ങളും ഉപയോഗപ്പെടുത്തി പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുക.

മൂസ്ലിം ഐക്യവും മതസൗഹാര്ദവും വളര്ത്തി സമൂഹങ്ങള് തമ്മിലുള്ള അകല്ച്ച കുറയ്ക്കുകയും പരസ്പരസഹകരണത്തിന്റെയും സഹവര്ത്തിത്തത്തിന്റെയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക.

മത-പൊതു വിദ്യാഭ്യാസങ്ങളും വിജ്ഞാനങ്ങളും പ്രചരിപ്പിക്കുകയും വിജ്ഞാനസമ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

സാക്ഷരത, ഭാഷാപഠനം, കമ്പ്യൂട്ടര് പരിശീലനം പോലുള്ളവ പ്രോത്സാഹിപ്പിക്കുകയും പഠന-പരിശീലനങ്ങള്ക്ക് സംവിധാനം ഏര്പ്പെടുത്തുകയും ചെയ്യുക.

ഗവേഷണ-ധൈഷണിക പ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനവും പരിശീലനവും നല്കുക.

വിദ്യാഭ്യാസ പ്രചാരണവും വിദ്യാഭ്യാസരംഗത്തെ പുത്തന് പ്രവണതകളെക്കുറിച്ചുള്ള ബോധവത്കരണവും നടത്തുക.

പ്രവാസികളോട് കാട്ടുന്ന നീതിനിഷേധത്തിനെതിരെ പോരാടുകയും അവകാശങ്ങള് ലഭ്യമാക്കാന് ഒറ്റയ്ക്കും ഇതരവിഭാഗങ്ങളുമായി ചേര്ന്നും പ്രവര്ത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുകയും ചെയ്യുക.

കലാ-കായിക-സാംസ്കാരിക പരിപാടികള് പ്രോത്സാഹിപ്പിക്കുകയും അത്തരം മേഖലകളുടെ മൂല്യവത്കരണത്തിനായി പ്രായോഗികരൂപം കണ്ടെത്തി നടപ്പാക്കുകയും ചെയ്യുക.

വിദ്യാര്ഥികളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിനും സംസ്കരണത്തിനും വളര്ച്ചക്കും ആവശ്യമായ പരിപാടികള് ആസൂത്രണം ചെയ്ത് നടപ്പാക്കുക.

വനിതകളുടെ സര്‍വ്വതോന്മുഖ വളര്ച്ചക്കും ശാക്തീകരണത്തിനും വേണ്ടി പ്രയത്നിക്കുക.

പലിശരഹിത സാമ്പത്തിക വ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

തൊഴിലാളികളുടെയും ചെറിയ വരുമാനക്കാരുടെയും സാമൂഹ്യ-ആരോഗ്യ ക്ഷേമങ്ങള്ക്കായി പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുക.

പ്രവാസി സമൂഹത്തിന്റെ മൊത്തം സാമ്പത്തികക്ഷേമത്തിനുതകുന്ന സാമൂഹ്യസുരക്ഷാപദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുക.

ഇന്ഡോ-അറബ് ബന്ധം ശക്തിപ്പെടുത്തുകയും അത്തരം ബന്ധങ്ങളെ പ്രവാസിസമൂഹത്തിന്റെ വിവിധ മേഖലകളിലെ ക്ഷേമത്തിനും നേട്ടങ്ങള്ക്കുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുക.

പ്രവര്‍ത്തന മാര്‍ഗം

ലക്‍ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികളും ഇസ്‌ലാമിക മൂല്യങ്ങളും ആതിഥേയരാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥകളും സാംസ്കാരിക പാരമ്പര്യവും പാലിച്ചുകൊണ്ട്‌ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നു. മതസ്പര്‍ദ്ദയും സാമുദായിക വിദ്വേഷവുംവളരാനിടവരുന്നകാര്യങ്ങളില്‍ഇന്ത്യന്‍ ഇസ്‌ലാമിക്‍അസോസിയേഷന്‍ പങ്കെടുക്കുകയില്ല. യാതൊരുവിധ വിധ്വംസക പ്രവര്‍ത്തങ്ങള്‍ക്കും പ്രോത്സാഹജനകമായ നിലപാട്‌ സ്വീകരിക്കുന്നതുമല്ല. തികച്ചും സമാധാനപരവും മാതൃരാജ്യത്തിന്‍റെ താത്പര്യങ്ങള്‍ക്ക്‌ അനുപൂരകവുമായിരിക്കും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍. "നന്‍മയില്‍ സഹകരിക്കുക, തിന്‍മയില്‍ നിസ്സഹകരിക്കുക" എന്ന ദൈവിക വചനമാണ്‌ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡം. ഈ അടിസ്ഥാനത്തില്‍ ഇതര പ്രവാസി സംഘടനകളുമായും കൂട്ടായ്മകളുമായും സഹകരിച്ചു പോരുന്നു.