ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ

മൂല്യബോധമുള്ള വിദ്യാഭ്യാസം അമ്മമാരുടെ ബാധ്യത: അംബാസഡര്‍

ദോഹ: അതിവേഗം മാറുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാനും പെണ്‍മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതിനും സ്ത്രീവിദ്യാഭ്യാസത്തിന്‌ കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ പറഞ്ഞു. അതേസമയം, മൂല്യബോധമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്‌ അമ്മമാര്‍ക്ക് ബാധ്യയതയുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി. വളരുന്ന തലമുറ; തകരുന്ന മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം നടത്തിയ കാമ്പയിനിന്റെ സമാപന സമ്മേളനം ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുയായിരുന്നു അവര്‍.

വര്‍ത്തമാന കാലഘട്ടത്തില്‍ മൂല്യബോധമുള്ള ഒരു നവ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്‌മളബന്ധം വളര്‍ത്തുക വഴി മൂല്യശോഷണത്തിന്റെ വിടവ് നികത്താന്‍ സാധിക്കുമെന്ന് തന്റെ അനുഭവം സദസസ്സിനോട് പങ്കുവെച്ചു കൊണ്ട് അംബാസഡര്‍ പറഞ്ഞു.

ആധുനിക കാലഘട്ടത്തില്‍ അസ്വസ്ഥമായ ജന സമൂഹം വളരുന്ന തലമുറ; തകരുന്ന മൂല്യങ്ങള്‍ എന്ന പ്രമേയത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്തതു തന്നെ വിഷയത്തിന്റെ പ്രസക്‌തി വര്‍ധിപ്പിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള, വനിതാ വിഭാഗം പ്രസിഡന്റും ആരാമം വനിതാ മാസിക പത്രാധിപയുമായ കെ.കെ . സുഹ്റ അഭിപ്രായപ്പെട്ടു. സ്ത്രീകളെ ബോധവത്കരിക്കുക വഴി മൂല്യബോധവും കെട്ടുറപ്പുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും. കുറ്റകൃത്യങ്ങളുടെ പ്രളയമാണ് ഓരോ ദിവസവു നാം കാണുന്നത്. ആധുനിക മാധ്യമങ്ങള്‍ ഇതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പല പരസ്യങ്ങളിലൂടെയും അവര്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കി നമ്മെ വഴിതെറ്റിക്കുന്നു. ടി.വിയും ഇന്റര്‍ നറ്റും മൊബൈല്‍ ഫോണും യുവതലമുറയില്‍ ഗുണത്തേക്കാളേറെ ഗുരുതര ദോഷങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സുഹ്റ ചൂണ്ടിക്കാട്ടി.

മന്‍ുഷ്യന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇന്ന് കടം വാങ്ങി സുഖിക്കുക; നാളെ കടം വീട്ടാന്‍ സാധിക്കാതെ ആത്മഹത്യ ചെയ്യുന്ന ദുഷിച്ച പ്രവണത സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിന്നെതിരെ സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. മക്കള്‍ക്ക് സുഖ സൗകര്യം നല്‍കുന്നതോടെ തങ്ങളുടെ ബാധ്യത തീര്‍ന്നെന്ന് മാതാപിതാക്കള്‍ ചിന്തിക്കുകയാണ്. ഇത് ശരിയല്ല. സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ നിസ്സഹായരായി നോക്കി നില്‍ല്‍ക്കേണ്ടവരല്ല സ്ത്രീകള്‍. പകരം അവര്‍ മൂല്യങ്ങളുടെ കാവല്‍ക്കാരും ധാര്‍മികതയുടെ പ്രചാരകരുമാകണം. ഇതിന്റെ തുടക്കം സ്വന്തം കുടുംബങ്ങളില്‍ നിന്നായിരിക്കണം. ഇസ്‌ലാമിക സംസ്കാരം നമ്മുടെ കുടുംബത്തിന്റെയും സംസ്കാരമാക്കണം.

ദൈവം നല്‍കിയ സമ്പത്ത് ചെലവഴിക്കുന്നതില്‍ മിതത്വം പാലിക്കണം. മുമ്പ് ചെറ്റക്കുടിലിലായാലും സമാധാനമുണ്ടായിരുന്നു. ഇന്ന് സമ്പത്ത് ഏറിയപ്പോള്‍ സമാധാനത്തിന്റെ കണികപോലും ഇല്ലാതായി. ഇതിന്ന്‌ പ്രധാന കാരണം കൂട്ടു കുടുംബ വ്യവസ്ഥിതി അപ്പാടെ മാറിയതും അണു കുടുംബങ്ങളുടെ വളര്‍ച്ചയുമാണ്. ഇതിന്ന്‌ പരിഹാരം കാണാന്‍ അമ്മമാര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്..സുഹ്റ പറഞ്ഞു.

രണ്ട് സെഷനുകളിലായി നടന്ന സമ്മേളനത്തിന്‌ തുടക്കം കുറിച്ചത് ബുഷ്റ ടീച്ചറുടെ ഖുര്‍ആന്‍ ക്ലാസോടെയാണ്. തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന മക്കളെ വാര്‍ത്തെടുക്കുന്നതില്‍ മാതാപിതാക്കള്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് അവര്‍ ഉണര്‍ത്തി. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം സെക്രട്ടറി ത്വാഹിറാ ബീവി സ്വാഗതം പറഞ്ഞു. ആക്‌ടിംഗ് പ്രസിഡന്റ് . സൈദ ടീച്ചര്‍ അധ്യക്ഷതവഹിച്ചു.

ഖുര്‍ആന്‍ പഠന രംഗത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹവും പ്രതിഫലാര്‍ഹവുമാണെന്ന് തഹ്ഫീമുല്‍ ഖുര്‍ആന്‍ വനിതാ വിഭാഗം മേധാവി മനാല്‍ അഹമ്മദ് അല്‍ സെയിദി പറഞ്ഞു. സ്വര്‍ഗം നേടാനുള്ള ഉത്തമ മാര്‍ഗ മാണ് ഖുര്‍ആന്‍ പഠനമെന്ന് അവര്‍ സദസ്സിനെ ഉണര്‍ത്തി. നസീമ ടീച്ചറാണ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഖുര്‍ആന്‍ പഠന ജേതാക്കള്‍ക്കും മജ്‌ലിസ്‌ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും മനാല്‍ അഹമ്മദ്‌ അല്‍ സെയ്ദിയും . . സുഹ്റയും സമ്മാന വിതരണം നടത്തി. സാറ ടീച്ചര്‍ സമ്മേളനം നിയന്ത്രിച്ചു. ഇതോടനുബന്ധിച്ച് കലാപരിപാടികളുമുണ്ടായിരുന്നു.