ഇസ്ലാമിക നവജാഗരണത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം: ആരിഫലി

ദോഹ: ആഗോളതലത്തില്‍ ദൃശ്യമായ ഇസ്ലാമികമായ ഉണര്‍വിനെ തകര്‍ക്കാന്‍ ഇസ്ലാംവിരുദ്ധ ശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. അല്‍ഇസ്തിഖ്ലാല്‍ ബോയ്സ് സെക്കന്ററി സ്കൂള്‍ മൈതാനിയില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച മുഴുദിന സമ്പൂര്‍ണ സമ്മേളനത്തിലെ പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം സഹസ്രാബ്ദത്തിന്റെ തുടക്കമായ ഇപ്പോള്‍ ലോകം മുഴുവന്‍ ഇസ്ലാമികമായ ഉണര്‍വ് ദൃശ്യമാണ്. ഇസ്ലാംവിരുദ്ധ ശക്തികളില്‍ ഇത് ഭീതി സൃഷ്ടിച്ചിരിക്കുന്നു. ഇതാണ് ഇസ്ലാംഫോബിയ. ഇതൊരു ദൌര്‍ബല്യമാണ്. ഇത് പെരുപ്പിച്ചുകാണിച്ച് ഇസ്ലാമിക മുന്നേറ്റത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സാമ്രാജ്യത്വ ശക്തികള്‍.

നാഗരികതള്‍ മാറിമാറി വരുന്ന പതിവ് മാറിയെന്നും ചരിത്രത്തിന്റെ അവസാനമാണെന്നും പ്രവചിച്ചവര്‍ക്ക് തെറ്റിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ആരംഭിച്ച ഇസ്ലാമിക ഉണര്‍വിന് പ്രചോദനമായത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. പാശ്ചാത്യന്‍ നാഗരികതയെ നേരിടാനുള്ള ശക്തി മുസ്ലിം സമൂഹത്തിനും കാലഘട്ടത്തിന്റെ വിമര്‍ശനങ്ങളെ നേരിടാനുള്ള കരുത്ത് ഇസ്ലാമിക പണ്ഡിതര്‍ക്കും നല്‍കിയത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. ധാരാളം യുവാക്കള്‍ ഇസ്ലാമിന്റെ തനിമയിലേക്കും സ്ത്രീകള്‍ പര്‍ദയിലേക്കും മടങ്ങിയത് ഇസ്ലാമികമായ അവബോധത്തിന്റെ തെളിവായിരുന്നു. പുതിയ വിപ്ലവത്തിന് പ്രചോദനമേകാന്‍ ഇസ്ലാമികാദര്‍ശത്തിന് കരുത്തുണ്ടെന്ന് പുതുയുഗം തെളിയിച്ചിരിക്കുന്നു. ഇതിനെയാണ് ഇസ്ലാംവിരുദ്ധ ശക്തികള്‍ ഭയപ്പെടുന്നതെന്ന് ആരിഫലി ചൂണ്ടിക്കാട്ടി.

ഇസ്ലാമിക സമൂഹത്തിന് ഏല്‍പിക്കപ്പെട്ട ദൌത്യം നിര്‍വഹിക്കാന്‍ മുന്നോട്ടുവന്നതാണ് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രത്യേകത. ഇസ്ലാമിക സമൂഹം (ഉമ്മത്ത്) തന്നെ ഇത് ചെയ്യുകയാണെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്ക് പ്രസക്തിയില്ല. മുഴുവന്‍ മുസ്ലിംകള്‍ക്കും യോജിപ്പുള്ള അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കപ്പെടുക്കപ്പെട്ടുള്ളത്. ദൈവികമതത്തിന്റെ സംസ്ഥാപനമെന്ന ജമാഅത്തിന്റെ ലക്ഷ്യം മുഴുവന്‍ മുസ്ലിംകളുടെയും ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും ചേരാവുന്ന, വിയോജിപ്പിന്റെ അടിത്തറകളില്ലാത്ത സമ്പൂര്‍ണവും സമഗ്രവുമായ പ്രസ്ഥാനമാണിത്. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെയും അതുള്‍ക്കൊള്ളുന്നു. ഇസ്ലാമില്‍നിന്ന് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം ഒഴിവാക്കാത്തത് ദീനില്‍ അതിന് വകുപ്പില്ലാത്തതുകൊണ്ടാണ്. രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്ന മതമാണ് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതുമെന്ന് ആരിഫലി വിശദീകരിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുബൈര്‍ ഖുര്‍ആന്‍ ക്ലാസെടുത്തു. സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ജുമുഅ നമസ്കാരത്തിന് കെ. ഇല്‍യാസ് മൌലവി നേതൃത്വം നല്‍കി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളടക്കം മൂവായിരത്തോളം പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്.

ഉച്ചക്കുശേഷം നടന്ന ചോദ്യോത്തര സെഷനില്‍ ടി. ആരിഫലിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ടി.കെ. അബ്ദുല്ലയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

അയ്യായിരത്തില്‍പരം പേര്‍ പങ്കെടുത്ത പൊതുസമ്മേളനം ഗസ്റ്റ് സെന്റര്‍ ഡയറക്ടര്‍ മിത്അബ് സഅദ് അല്‍വലീദ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ചാരിറ്റി പബ്ലിക് റിലേഷന്‍ മേധാവി ഖാലിദ് ഫഖ്റു ആശംസ നേര്‍ന്നു. ടി.കെ. അബ്ദുല്ല, ടി. ആരിഫലി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. പ്രൊപഗേഷന്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുറഹ്മാന്‍ അല്‍സയ്യിദ് സന്നിഹിതനായിരുന്നു. വി.ടി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.ടി. ഫൈസല്‍ സ്വാഗതവും വി.ടി. ഫൈസല്‍ നന്ദിയും പറഞ്ഞു. നാദിര്‍ അബ്ദുസ്സലാം ഗാനമാലപിച്ചു.